പുരാവസ്തു ഗവേഷകര്‍ 1600 വര്‍ഷം പഴക്കമുള്ള റോമൻ ഇൻഡോര്‍ നീന്തല്‍ കുളം കണ്ടെത്തി

പുരാവസ്തു ഗവേഷകര്‍ 1600 വര്‍ഷം പഴക്കമുള്ള റോമൻ ഇൻഡോര്‍ നീന്തല്‍ കുളം കണ്ടെത്തി

ല്‍ബേനിയൻ തുറമുഖ നഗരമായ ഡ്യൂറസില്‍ പുരാവസ്തു ഗവേഷകർ 1600 വർഷം പഴക്കമുള്ള റോമൻ ഇൻഡോർ നീന്തല്‍ കുളം കണ്ടെത്തി.

ഒരു സ്കൂള്‍ കെട്ടിടത്തിനായുള്ള നിർമ്മാണ പ്രവർത്തികള്‍ നടത്തുന്നതിനിടയിലാണ് ഈ നിർണായക കണ്ടെത്തല്‍. നീന്തല്‍ കുളത്തിന് പുറമേ ഇവിടെ നിന്നും പുരാതന വില്ലകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കണ്ടെത്തിയ വില്ലകളുടെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് വില്ലകളില്‍ ഒന്നിന്റെ ഉള്ളില്‍ നിർമ്മിച്ചിരുന്ന നീന്തല്‍കുളം കണ്ടെത്തിയത്. രണ്ടു സഹസ്രാബ്ദങ്ങള്‍ പിന്നിട്ടിട്ടും കാര്യമായ കേടുപാടുകള്‍ ഈ നീന്തല്‍ കുളത്തിന് സംഭവിച്ചിട്ടില്ല എന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്. ചുറ്റുപാടും റോമൻ മൊസൈക്കുകളാല്‍ അലങ്കരിച്ചിരിക്കുന്ന ഈ നീന്തല്‍ കുളം അത്യാഡംബര സൗകര്യങ്ങളോടുകൂടിയതാണ്.

അല്‍ബേനിയയിലെ ഏറ്റവും പഴക്കം ചെന്ന ചരിത്രപരമായി ഏറെ സവിശേഷതകള്‍ ഉള്ള സാമ്ബത്തിക കേന്ദ്രമായാണ് ഡ്യൂറസ് അറിയപ്പെടുന്നത്. ബിസി ഏഴാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലും എപ്പിഡംനസ് എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്. ബിസി 672 -ല്‍ ഗ്രീക്കുകാർ ഇവിടം കോളനിവല്‍ക്കരിച്ചതോടെ ‘രണ്ട് കുന്നുകള്‍ക്കിടയിലുള്ള നഗരം എന്നർത്ഥം വരുന്ന ‘ഡൈറാച്ചിയം’ എന്നാക്കി മാറ്റി ഈ നഗരത്തിന്റെ പേര്. ബിസി 230 ഓടെ റോമാക്കാർ നഗരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു.

നീന്തല്‍ക്കുളം ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങളുടെ കണ്ടെത്തല്‍ ഏറെ അത്ഭുതപ്പെടുത്തുന്നതും നിർണായകവുമാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഏറെ മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന നീന്തല്‍ കുളം മാർബിള്‍, കല്ല്, ഗ്ലാസ്, സെറാമിക് ടൈലുകള്‍ എന്നിവയാലാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ നീന്തല്‍ കുളത്തിന്റെ ഭിത്തിയില്‍ ഉണ്ടായിരുന്ന ചുമർ ചിത്രങ്ങളും എടുത്തു പറയേണ്ടതാണ്.
റോമൻ അവശിഷ്ടങ്ങള്‍ എഡി 1 -നും 400 -നും ഇടയില്‍ പഴക്കമുള്ളതാണെന്ന് പുരാവസ്തു ഗവേഷകർ പറഞ്ഞു. അതായത് അവയ്ക്ക് കുറഞ്ഞത് 1,600 വർഷമെങ്കിലും പഴക്കമുണ്ടെന്ന് ചുരുക്കം. ഈ പ്രദേശത്ത് തന്നെ മറ്റൊരു ഭാഗത്ത് നടത്തിയ ഉത്ഖനനങ്ങളില്‍ നിരവധി മതിലുകളും പുരാതന റോമൻ ബാത്ത്ഹൗസിൻ്റെ അവശിഷ്ടങ്ങളാണെന്ന് കരുതുന്ന ഒരു ഇഷ്ടികത്തറയും കണ്ടെത്തിയിട്ടുണ്ട്.