നിസ്വാർത്ഥ സേവകന് അർഹതയുടെ കുപ്പായം : ഇത് പാസ്റ്റർ സി സി തോമസിൻ്റെ കരിയറിലെ ഗംഭീര ക്ലൈമാക്സ്.

നിസ്വാർത്ഥ സേവകന്  അർഹതയുടെ കുപ്പായം : ഇത് പാസ്റ്റർ സി സി തോമസിൻ്റെ കരിയറിലെ ഗംഭീര  ക്ലൈമാക്സ്.

ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ ബോർഡിൻ്റേത് ആണ് നിയമനം. ഈ പദവിയിൽ എത്തുന്ന ആദ്യത്തെ ഏഷ്യക്കാരനും മലയാളിയുമാണ് പാസ്റ്റർ സി സി തോമസ്.  ജൂലൈ രണ്ടാം വാരം അമേരിക്ക, ഇന്ത്യാനയിൽ നടക്കുന്ന  നടക്കുന്ന ജനറൽ അസംബ്ലിയിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ആഗോള ദൈവസഭയുടെ 200 രാജ്യങ്ങളിലുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനാണ് ജനറൽ അസംബ്ലി.  ചർച്ച് ഓഫ് ഗോഡിൻ്റെ പോളിസി  രൂപീകരിക്കുന്നതും ഭേദഗതി അവതരിപ്പിക്കുന്നതും ജനറൽ അസംബ്ലിയിലാണ്. ജനറൽ ഓവർസിയർ മുതൽ സ്റ്റേറ്റ് ഓവർസിയർ വരെയുള്ള പോർട്ഫോളിയോ നിശ്ചയിക്കുന്നത് ജനറൽ അസംബ്ലിയാണ്.

ഇൻഡ്യ, മംഗോളിയ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ തുടങ്ങിയ തെക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. കേരളത്തിൽ മുളക്കുഴ ആയിരിക്കും  സൗത്ത് ഏഷ്യൻ സൂപ്രണ്ടിൻ്റെ സെക്രട്ടറിയേറ്റ് ആസ്ഥാനം. ചെന്നൈയിലും മറ്റ് രാജ്യങ്ങളിലും ക്യാമ്പ് ഓഫീസ് പ്രവർത്തിക്കും.  ഈ പദവിയോടൊപ്പം ഇന്ത്യയുടെ ഗവേണിംഗ് ബോഡി ചെയർമാൻ  സ്ഥാനം തുടരും.

14 വർഷം ഈ പദവിയിൽ ഇരുന്ന ബിഷപ്പ് കെന്നത്ത റേ ആൻഡേഴ്സൺ  അടുത്ത മാസം ജൂലൈ 12 ന് സ്ഥാനമൊഴിയും. ബിഷപ്പ് കെൻ ആൻഡേഴ്സൺ  അന്തർദേശീയ ചർച്ച് ഓഫ് ഗോഡിൻ്റെ 18 അംഗ കൗൺസിൽ അംഗം ആണ്. 

UPG( Unreached Peoples  Group) യുടെ ചുമതലയിലും തുടരും. കുക്ക് സായിപ്പ്, വില്യം പോസ്പിസിൽ, എൽ  ആർ കാരി എന്നിവർക്ക് ശേഷം ഇന്ത്യയെ സ്നേഹിച്ച ഏറ്റവും ജനകീയനും  സ്വാതീകനുമായ മിഷനറിയായിരുന്നു ബിഷപ്പ് കെൻ ആൻഡേഴ്സൺ.

വിദേശ മിഷനറിമാരായ എൽ ആർ കാരി, സ്വാൻ, റോബർട്ട് സെയ്ദ, ഹാരോൾഡ് മക്ലോട്, ഡെന്നിസ് ഹെപ്‌നർ തുടങ്ങിയവരാണ് മുമ്പ് ഈ സ്ഥാനം വഹിച്ചിട്ടുള്ളത്. രണ്ടായിരത്തിൽ പാസ്റ്റർ പി എ വി സാമിനെ വെസ്റ്റ്  ഏഷ്യൻ സൂപ്രണ്ട്( ഓണററി) സ്ഥാനം നൽകിയിരുന്നു. 

പക്ഷേ, ഇന്ത്യയുടെ ചുമതല നൽകിയിരുന്നില്ല. 2008 - ൽ അദ്ദേഹം തൽസ്ഥാനത്ത് നിന്നും  വിരമിച്ചു. 

കേരളാ സ്റ്റേറ്റ് ഓവർസിയറായും ഗവേണിംഗ് ബോഡി ചെയർമാനായും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച്  സമാനതകളില്ലാത്ത ആത്മീക മുന്നേറ്റത്തിലേക്ക്  സഭയെ നയിച്ച പാസ്റ്റർ സി സി തോമസിൻ്റെ പ്രവർത്തനങ്ങളെയും സംഭാവനകളെയും ആദരിച്ചാണ് ഈ പുതിയ സ്ഥാനലബ്ദി.

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്  ഓവർസിയർ (അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ്)  പദവിയിൽ 2016 ൽ എത്തിയ പാസ്റ്റർ സി സി തോമസ് പാസ്റ്റർ പി സി ചെറിയനെതിരെ മികച്ച വിജയമാണ് നേടിയത് . 2020 ൽ 74 ശതമാനം വോട്ട് നേടി ഭരണ തുടർച്ച നിലനിർത്തി. 2024 ലെ പ്രിഫറൻസ് ബാലറ്റിൽ 73.3 ശതമാനം  വോട്ട് നേടി മികച്ച മത്സരം കാഴ്ചവച്ചു.  

വിജയകരമായ എട്ട് വർഷം പൂർത്തിയാക്കിയ പാസ്റ്റർ സി സി തോമസിൻ്റെ മികച്ച പെർഫോമൻസിനുള്ള അംഗീകാരമാണ് ഈ സ്ഥാനക്കയറ്റം. 

പശ്ചാത്തല വികസനം, സഭാ വളർച്ച, അച്ചടക്ക പരിപാലനം, രണ്ടാം നിര നേതൃത്വ രൂപീകരണം, നൈപുണ്യ വികസനം, ഇടക്കാല ശുശ്രൂഷക പരിശീലനം, സുതാര്യമായ ഭരണ നിർവ്വഹണം, കോടതി വ്യവഹാരങ്ങൾ ഇല്ലാത്ത സമാധാന അന്തരീക്ഷം, ഓഫീസ് നവീകരണം,  മാലിന്യ വിമുക്ത ഹരിതാഭമായ ക്യാമ്പസ്, പുനരുദ്ധരിച്ച മെസ്സ് ഹാൾ, ആർ എഫ് കുക്കിൻ്റെ ബംഗ്ലാവിൻ്റെ നവീകരണം,  പുല്ലാട് പണികഴിപ്പിച്ച പാസ്റ്ററൽ കെയർ ഹോം,  ക്രഡൻഷ്യൽ  സർട്ടിഫിക്കറ്റ് വിതരണം,  സാമ്പത്തീക - ക്ഷേമ പദ്ധതികൾ തുടങ്ങിയ  വികസന  ഭരണനേട്ടങ്ങളെ വേൾഡ് മിഷൻ വിലയിരുത്തി.

ഇനിയും കേരളാ സ്റ്റേറ്റിലും കേരളാ റീജിയനിലും ഓവർസിയറന്മാരെ തെരഞ്ഞെടുക്കാനുള്ള ഭരണപരമായ ചുമതല പാസ്റ്റർ സി സി തോമസിനാണ്. 

പാസ്റ്റർ സി സി തോമസിൻ്റെ ഭരണ കാലത്തെ പ്രോഗ്രസ് കാർഡ് അന്തർദേശീയ നേതൃത്വത്തിന്  ആകമാനം തന്നെ  ആകാംക്ഷ  ഉളവാക്കിയ ഒന്നാണ്.  

അധികാര സ്ഥാനങ്ങൾ സ്വപ്ന ദൂരത്ത് പോലും ഇല്ലാതിരുന്ന പാസ്റ്റർ സി സി തോമസ് ദുരിതപർവ്വം താണ്ടിയാണ് ഈ ഉയരങ്ങളിൽ എത്തിയത്.....

"ചില ജീവിതങ്ങൾ അങ്ങനെയാണ്, അവർ നിർവ്വചനങ്ങൾക്കും അപ്പുറം സ്വജീവിതം  ധന്യമാക്കും.."

നിയുക്ത സൗത്ത് ഏഷ്യൻ സൂപ്രണ്ട് 

പാസ്റ്റർ സി സി തോമസിന് 

അഭിനന്ദനങ്ങൾ....

എഴുത്ത്: ജെയ്സ് പാണ്ടനാട്