ദുരന്തബാധിതര്‍ക്കായി ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ദുരന്തബാധിതര്‍ക്കായി ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള ബാങ്ക് 50 ലക്ഷം രൂപ ഇന്നുതന്നെ നല്‍കിയിട്ടുണ്ട്. സിയാല്‍ രണ്ടു കോടി രൂപ വാഗ്ദാനം ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി അഞ്ചു കോടി രൂപ സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടുതല്‍ സഹായം ലഭിക്കേണ്ടതുണ്ടെന്നും 2018-ലെ പ്രളയത്തിന് സമാനമായി എല്ലാവരും ഒരുമിച്ച്‌ നില്‍ക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

'ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാനസര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിച്ചുവരികയാണ്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവര്‍ക്ക് മറ്റെന്ത് പകരംനല്‍കിയാലും അത് മതിയാകില്ലെന്ന് അറിയാം. എന്നാലും ദുരിതത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ കൈപിടിച്ച്‌ ഉയര്‍ത്തേണ്ടതുണ്ട്. 2018-ല്‍ പ്രളയം ഉണ്ടായപ്പോള്‍ കേരളമൊട്ടാകെ ഒറ്റക്കെട്ടായി ദുരന്തബാധിതരെ സഹായിക്കാന്‍ തയ്യാറായി. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് സഹായം ലഭിച്ചു. വയനാട്ടില്‍ ഇപ്പോഴുണ്ടായ ദുരന്തത്തില്‍ ദുരിതം അനുഭവിക്കന്നവരെ സഹായിക്കാന്‍ നാം ഒരുമിച്ചിറങ്ങേണ്ട സാഹചര്യമുണ്ട്. പലവിധത്തില്‍ ഇതിനോടകം സഹായംപ്രഖ്യാപിച്ച്‌ മുന്നോട്ടുവന്നിട്ടുണ്ട്. അതൊന്നും മതിയാകില്ലെന്ന് ഓര്‍മിപ്പിക്കുകയാണ്. കൂടുതല്‍ സഹായകരമുണ്ടെങ്കില്‍ മാത്രമേ ആ നാടിനെ പുനര്‍നിര്‍മിച്ചെടുക്കാന്‍ കഴിയുകയുള്ളൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കി അവരെ സഹായിക്കാന്‍ പങ്കാളികളാകണമെന്ന് എല്ലാവരോടും അഭ്യാര്‍ഥിക്കുന്നു', മുഖ്യമന്ത്രി പറഞ്ഞു.