ചൂരല്‍മല ദുരന്തം: എയര്‍ഫോ‍ഴ്‌സ് ഹെലികോപ്റ്ററിന്റെ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ചൂരല്‍മല ദുരന്തം: എയര്‍ഫോ‍ഴ്‌സ് ഹെലികോപ്റ്ററിന്റെ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ചൂരല്‍മല ദുരന്തത്തില്‍ എയര്‍ഫോ‍ഴ്‌സ് ഹെലികോപ്റ്റർ എത്തി രക്ഷാപ്രവർത്തനം തുടങ്ങി. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ താഴെയിറക്കി പരിക്കേറ്റവരെ വ്യോമസേനയുടെ ഹെലികോപ്റ്ററിലൂടെ രക്ഷപ്പെടുത്തുകയാണ്.രക്ഷാദൗത്യത്തിനായി മുണ്ടക്കൈയില്‍ സൈന്യം താത്കാലിക പാലം സ്ഥാപിച്ചു.

പാലത്തിലൂടെ ആളുകളെ രക്ഷപ്പെടുത്തുകയാണ്. നൂറിലധികം പേരെ മുണ്ടക്കൈ മലയില്‍ നിന്ന് താഴെയെത്തിച്ചു.

വയനാട്ടില്‍ താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്നു. ജില്ലകളുടെ പൊതു സാഹചര്യവും ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായും ചര്‍ച്ച ചെയ്തു. ദുരിതാശ്വാസ ക്യാമ്ബുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചു. ഓരോ ക്യാമ്ബിലും ഒരു ആരോഗ്യ പ്രവര്‍ത്തകന് വീതം ചുമതല നല്‍കാന്‍ നിര്‍ദേശം നല്‍കി.

പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി നടപടികള്‍ സ്വീകരിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കാന്‍ നിര്‍ദേശം നല്‍കി. സ്റ്റേറ്റ് ആര്‍ആര്‍ടി യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. മേപ്പാടിയിലും നിലമ്ബൂരിലുമായി 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ വയനാട്ടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ജനിതക പരിശോധനകള്‍ നടത്താനുള്ള സംവിധാനമൊരുക്കി. അധിക മോര്‍ച്ചറി സൗകര്യങ്ങളുമൊരുക്കി. മൊബൈല്‍ മോര്‍ച്ചറി സൗകര്യങ്ങള്‍ ക്രമീകരിച്ചു.