ജോര്‍ജ് മാത്യു സ്ട്രീറ്റ്; അബുദാബിയിലെ റോഡിന് മലയാളി ഡോക്ടറുടെ പേര്

ജോര്‍ജ് മാത്യു സ്ട്രീറ്റ്; അബുദാബിയിലെ റോഡിന് മലയാളി ഡോക്ടറുടെ പേര്

അബുദാബി: യുഎഇയിലെ റോഡിന് മലയാളി ഡോക്ടറുടെ പേര്. ഇവിടുത്തെ ആരോഗ്യ മേഖലയ്ക്ക് ഗണ്യമായ സംഭാവന നല്‍കിയതിനുള്ള ആദരവായിട്ടാണ് ഇന്ത്യക്കാരനായ ഡോ. ജോര്‍ജ് മാത്യുവിന്റെ പേര് അബുദാബിയിലെ റോഡിന് നല്‍കിയത്. പത്തനംതിട്ട സ്വദേശിയാണ് ജോര്‍ജ് മാത്യു.

അല്‍ മഫ്‌റഖിലെ ഷെയ്ഖ് ഷക്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപമുള്ള റോഡ് ഇനി ജോര്‍ജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടും. യുഎഇയുടെ വികസനത്തിന് വലിയ സംഭാവന നല്‍കിയ ആളുകളെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്‍സിപ്പാലിറ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ടിന്റെ നീക്കം. പത്തനംതിട്ടയിലെ തുമ്പമണ്ണിലാണ് ഡോ. ജോര്‍ജ് മാത്യു വളര്‍ന്നത്. 1963ല്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി. വിവാഹശേഷം കുടുംബത്തോടെയ യുഎഇയിലേക്ക് മാറുകയായിരുന്നു.

യുഎഇയുടെ രാഷ്ട്രപിതാവ് ശെയ്ഖ് സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു ഡോ. മാത്യു പ്രതികരിച്ചു. 

1967ല്‍ 26 ാം വയസില്‍ യുഎഇയില്‍ എത്തിയ ഡോ.ജോര്‍ജ് പിന്നീട് യുഎസിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും അല്‍ ഐനെക്കുറിച്ച് ശെയ്ഖ് സെയ്ദിന്റെ വിവരണം ഡോക്ടറെ ആകര്‍ഷിക്കുകയായിരുന്നു. അല്‍ ഐന്‍ റീജിയന്റെ മെഡിക്കല്‍ ഡയറക്ടറും 2001ല്‍ ഹെല്‍ത്ത് അതോറിറ്റി കണ്‍സള്‍ട്ടന്റും ഉള്‍പ്പെടെ നിരവധി സുപ്രധാന സ്ഥാനങ്ങള്‍ അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.