കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരിലേറെയും മലയാളികൾ; പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുശോചിച്ചു

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരിലേറെയും മലയാളികൾ; പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുശോചിച്ചു

കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ തൊഴില്‍ സ്ഥാപനത്തിന്‍റെ തൊഴിലാളി ക്യാമ്പിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ചവരിൽ കൂടുതൽ ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്.ഇതിൽ രണ്ട് പേരെ തിരിച്ചറിഞ്ഞു.  കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34) ആണ് മരിച്ചത്. പത്ത് വർഷമായി കുവൈറ്റിൽ ജോലി ചെയ്യുന്നയാളാണ് രഞ്ജിത്ത് . ഇതിനു മുൻപ് കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ (33) ആണ് മരിച്ചത്. എൻബിടിസി കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാൾ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുശോചിച്ചു.

‘കുവൈറ്റ് സിറ്റിയിലുണ്ടായ തീപിടിത്തം ദുഖകരമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരെ സഹായിക്കാൻ അവിടത്തെ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു’ എന്ന് പ്രധാനമന്ത്രി എക്സിൽ‌ പോസ്റ്റ് ചെയ്തു.

‘കുവൈത്തിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിലുണ്ടായ മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തുന്നു. തീപിടിത്തത്തിൽ 40 ലേറെ പേർ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമുള്ള വാര്‍ത്തകള്‍ ഏറെ ദുഃഖകരമാണ്. അപകടത്തില്‍ മരണമടഞ്ഞവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് ആദ്യവിവരം. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

തെക്കൻ കുവൈത്തിലെ മാംഗഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാമ്പിലാണ് അഗ്നിബാധയുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേർ ക്യാമ്പിലുണ്ടായിരുന്നു. ഇവിടുത്തെ സുരക്ഷാജീവനക്കാരന്‍റെ മുറിയില്‍നിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം.