രാജ്യത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി യുഎഇ, സംഘര്‍ഷം കനത്താല്‍ പ്രവാസികള്‍ വലയും

രാജ്യത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി യുഎഇ, സംഘര്‍ഷം കനത്താല്‍ പ്രവാസികള്‍ വലയും

ദുബായ്: പശ്ചിമേഷ്യൻ മേഖലയില്‍ യുദ്ധഭീതി കനത്തതോടെ നിരവധി വിമാനങ്ങള്‍ റദ്ദാക്കി യുഎഇ. രാജ്യത്തേക്കും പുറത്തേക്കുമുള്ളതുള്‍പ്പെടെ നിരവധി വിമാനങ്ങളാണ് യുഎഇ ആസ്ഥാനമായുള്ള എയർലൈനുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത്.

പല വിമാനകമ്ബനികളും പശ്ചിമേഷ്യൻ മേഖലകളിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിറുത്തിവച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. എന്നാല്‍ ചില വിമാനക്കമ്ബനികളാകട്ടെ ഭീഷണിയുളള വ്യോമപാതകള്‍ ഒഴിവാക്കാനായി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്. ദുബായിലെ മുൻനിര വിമാനക്കമ്ബനിയായ എമിറേറ്റ്സ് ഇന്നും നാളെയും ഇറാക്ക് (ബസ്റ, ബാഗ്ദാദ്), ഇറാൻ (ടെഹ്റാൻ), ജോർദാൻ (അമ്മാൻ) എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

സംഘർഷസാദ്ധ്യത ഇല്ലാതായതിനുശേഷം മാത്രമായിരിക്കും ഇവിടേയ്‌ക്കുളള വിമാനങ്ങള്‍ പഴയതുപോലെ സർവീസ് നടത്തുക. റദ്ദാക്കാത്ത സർവീസുകള്‍ക്ക് കാലതാമസം ഉണ്ടാകാൻ ഇടയുണ്ടെന്ന് ഇത്തിഹാദ് എയർലൈൻസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രയേല്‍ ഇറാന് തിരിച്ചടി നല്‍കുകയും സംഘർഷം കൂടുതല്‍ കനക്കുകയും ചെയ്താല്‍ ഇന്ത്യയിലേക്കുള്‍പ്പെടെയുള്ള വിമാനസർവീസുകള്‍ റദ്ദാക്കിയേക്കും എന്നാണ് ലഭിക്കുന്ന സൂചനകള്‍.നേരത്തേ തന്നെ യുദ്ധഭീതി ഉണ്ടായിരുന്നു എങ്കിലും കഴിഞ്ഞദിവസം ഇറാൻ ഇസ്രയേലിനുനേരെ മിസൈല്‍ വർഷം നടത്തിയതോടെയാണ് യുദ്ധഭീതി കൂടുതല്‍ കടുത്തത്. തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷസാദ്ധ്യതയ്ക്ക് ഒട്ടും അയവുവന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. തങ്ങളുടെ രാജ്യത്തിനുനേരെ മിസൈല്‍ വർഷം നടത്തിയ ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. 'ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുളള മറുപടി കൊടുക്കും. സ്വയം പ്രതിരോധിക്കാനും ശത്രുവിന് തിരിച്ചടി നല്‍കാനുമുള്ണ ഞങ്ങളുടെ നിശ്ചയദാർഢ്യം ഇറാന് മനസിലാകുന്നില്ല. അനന്തര ഫലങ്ങള്‍ ഇറാൻ ഉടൻതന്നെ അനുഭവിക്കും'- എന്നാണ് നെതന്യാഹു പറഞ്ഞത്. സംഘർഷം ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ വൻ ശക്തികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വിജയിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.