കുവൈത്തില്‍ കര്‍ശന നടപടി, കമ്പനി ഉടമയുടെ അത്യാഗ്രഹം ദുരന്തത്തിലെത്തിച്ചെന്ന് ആഭ്യന്തര മന്ത്രി

കുവൈത്തില്‍ കര്‍ശന നടപടി, കമ്പനി ഉടമയുടെ അത്യാഗ്രഹം ദുരന്തത്തിലെത്തിച്ചെന്ന് ആഭ്യന്തര മന്ത്രി

കുവൈത്ത് സിറ്റി: കുവൈത്തിലെ തീപ്പിടുത്തതില്‍ കര്‍ശന നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കമ്പനി ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിന് കാരണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹാദ് അല്‍ സബാഹ് പറഞ്ഞു. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷമയാിരുന്നു പ്രതികരണം. അതേസമയം ഉദ്യോഗസ്ഥരെയും കെട്ടിടത്തിന്റെ കാവല്‍ക്കാരനെയും അടക്കം അറസ്റ്റ് ചെയ്യുവാന്‍ അല്‍ സബാഹ് ഉത്തരവിട്ടിട്ടുണ്ട്. തീപ്പിടുത്തതില്‍ മരണം 49 ആയിരിക്കുകയാണ്. ഇതുവരെ മൂന്ന് മലയാളികളുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. രണ്ട് പത്തനംതിട്ട സ്വദേശികളാണ് ഇതിലുള്ളത്. അതേസമയം നിയമലംഘനം നടത്തി പ്രവര്‍ത്തിക്കുന്ന എല്ലാ കെട്ടിടങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കും. ആഭ്യന്തര മന്ത്രി ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

അഹമ്മദി ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഇത്തരമൊരു ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സസ്‌പെന്‍ഡ് ചെയ്യാനും കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ സൗദ് അല്‍ ദബ്ബൂസ് ഉത്തരവിട്ടു. സംഭവത്തില്‍ മുനിസിപ്പാലിറ്റി വിപുലമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കുവൈത്ത് ദുരന്തത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരിക്കുകയാണ്. ഇന്ന് രാത്രിയോടെ വിദേശ കാര്യ മന്ത്രി കുവൈത്തിലേക്ക് തിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും നടുക്കം രേഖപ്പെടുത്തി.

കൊല്ലം സ്വദേശി ഷമീര്‍, പന്തളം സ്വദേശി ആകാശ് എസ് നായര്‍ എന്നിവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞ മലയാളികള്‍. മരിച്ചവരില്‍ കൂടുതലും ഇന്ത്യക്കാരാണെന്ന് ദൃക്‌സാക്ഷി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലരുടെയും മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്‍ കത്തിക്കരിഞ്ഞിരിക്കുകയാണ്.

നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന എന്‍ബിടിസി കമ്പനിയുടെ ക്യാംപിലാണ് ദുരന്തമുണ്ടായത്. മലയാളിയുടെ ഉടമസ്ഥയിലാണ് ഈ കമ്പനിയുള്ളത്. അതേസമയം ഇവിടെ തിക്കും തിരക്കും ദുരന്തത്തിന് ശേഷം ഉണ്ടായതോടെ പലരും കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടാനായി താഴേക്ക് ചാടുകയും, ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തില്‍ നിന്ന് ആലപ്പുഴ താമരക്കുളം സ്വദേശിയായ നജീബ് രക്ഷപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ച ഷെമീറിന് ഒപ്പം കെട്ടിടത്തില്‍ നിന്നും ചാടിയതാണ് നജീബ്. ഇയാള്‍ എന്‍ബിഡിസി ഓയില്‍ കമ്പനിയില്‍ നാല് വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുകയാണ്. പരുക്കേറ്റ് 46 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്. ഭൂരിഭാഗം പേരും ആശുപത്രിയില്‍ ചികിത്സയിലുള്ളത് ഇന്ത്യക്കാരാണ്. ഇന്ത്യന്‍ നയതന്ത്ര കമ്മീഷന്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍.

നവീന്‍ അബ്ബാസിയ മേഖല സെക്രട്ടറി- +965 99861103

അന്‍സാരി സാല്‍മിയ മേഖലാ സെക്രട്ടറി- +965 60311882

ജിന്‍സ് തോമസ് കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി- +965 65589453