വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ; 41 മരണം സ്ഥിരീകരിച്ചു; മരണ സംഖ്യ ഉയർന്നേക്കും

വയനാട്: വയനാട് കൽപറ്റ മുണ്ടക്കൈയിൽ ഉരുള്‍പൊട്ടലിൽ മരണ സംഖ്യ 41 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. സംഭവത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. പലവീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. 2019 ലെ പ്രളയകാലത്ത് നിരവധി പേരുടെ മരണത്തിനിരയാക്കിയ പുത്തുമലയ്ക്ക് സമീപത്താണ് ഇന്ന് വീണ്ടും അപകടം ഉണ്ടായത്. പ്രദേശത്തെ വെള്ളാര്‍മല സ്‌കൂള്‍ പൂർണ്ണമായും മണ്ണിനടിയിലായി. സഹായം തേടിയുള്ള ആളുകളുടെ നിലവിളി കേട്ടാണ് ദുരന്തവിവരം പുറം ലോകം അറിയുന്നത്. സംഭവിച്ചതെന്തെന്ന് തിരിച്ചറിയുന്നതിന് മുമ്പേ പല ജീവനുകളും മണ്ണിനടിയിലായിരുന്നു.
ഇന്ന് പുലർച്ചെ 2 മണിക്കാണ് സംഭവ സ്ഥലത്ത് ആദ്യ ഉരുൾപോട്ടൽ ഉണ്ടായത്. തുടർന്ന് 4.10-ഓടെ വീണ്ടും ഉരുൾപൊട്ടി. നേപ്പാൾ സ്വദേശികൾ താമസിക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. നിരവധി ആളുകള്‍ മരിക്കുകയും നിരവധിപേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് തുടർച്ചയായി ഉരുൾ പൊട്ടൽ ഉണ്ടായി. ഉരുൾപൊട്ടിയതിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും 400ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായുമാണ് റിപ്പോർട്ട്. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മല ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി. മുമ്പ് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിനടുത്താണ് മുണ്ടക്കൈ.